Monday 13 February 2017

തെരുവിന്‍റെ മക്കള്‍ക്ക് ജീവന്‍ വെച്ചപ്പോള്‍



പറയാന്‍ പോകുന്നത് ശനിയാഴ്ച്ചയെ കുറിച്ചാണ്. മുഖവുരയില്ലാതെ പറയാം - എം ടി യെ കാണാമല്ലോ എന്ന ഉത്സാഹമായിരുന്നു എന്നെ നയിച്ചത്. പിന്നെ ഒരു ചെറിയ ജിജ്ഞാസയും.. പക്ഷെ ആരോഗ്യപ്രശ്നങ്ങളാല്‍ എം ടി യ്ക്ക് വരാന്‍ കഴിയാഞ്ഞപ്പോള്‍ സങ്കടവും നിരാശയും കലര്‍ന്ന ഒരിറ്റു കണ്ണുനീര്‍ അദ്ദേഹത്തിന്‍റെ ഒപ്പ് വാങ്ങാന്‍ കൊണ്ടുപോയ "വാനപ്രസ്ഥ"ത്തില്‍ ചെന്നു വീണു. അപ്പോഴേയ്ക്കും സന്ധ്യ കഴിഞ്ഞിരുന്നു. എങ്കിലും ഞങ്ങള്‍ മടങ്ങിയില്ല. ഇരുണ്ട് കഴിഞ്ഞിരുന്ന ആകാശത്തിന് കീഴില്‍ കാത്തിരുന്നു - ആ ജിജ്ഞാസയുടെ ശക്തിയില്‍...
പിടിച്ചിരുത്തിയ മുഖ്യപ്രാസംഗികനോ, ഇഷ്ടപ്പെട്ട എഴുത്തുകാരോ, കോഴിക്കോടിന്‍റെ മണ്ണില്‍ നിന്നും വളര്‍ന്നു വന്ന അഭിനേതാക്കാളോ ഒന്നുമല്ല, ആ പഴയ ജിജ്ഞാസ തന്നെയാണ് ഉദിച്ചുയരുന്ന ചന്ദ്രനേയും മിന്നിത്തിളങ്ങിയ നക്ഷത്രങ്ങളെയും ഇടയ്ക്കിടെ വന്നുപോയ മിന്നലിനെയും സാക്ഷിയാക്കി ഇരിപ്പുറപ്പിക്കാന്‍ കാരണമായത്.
കാത്തിരിപ്പിനൊടുവില്‍ അരങ്ങുണര്‍ന്നു. തെരുവിന്‍റെ കാവലാളായി ഇന്നും നിലനില്‍ക്കുന്ന തെരുവിന്‍റെ കഥാകാരന് അരങ്ങില്‍ ജീവന്‍ വെച്ചു. അദ്ദേഹം തെരുവിന്‍റെ മക്കളുടെ കഥ പറഞ്ഞു തുടങ്ങി...
വാര്‍ത്തകള്‍ വിഷമസ്ഥിതിയാക്കി പത്രം വിറ്റ്‌ നടക്കുന്ന കുറുപ്പും ചില കുഞ്ഞു തരികിടകളുമായി ജീവിച്ചു പോകുന്ന കൂനന്‍ കണാരനും, മനസ്സിലെ സങ്കടങ്ങള്‍ മറച്ചു വെച്ച് എല്ലാവരെയും ചിരിപ്പിച്ച് പെട്ടന്നൊരുനാള്‍ മറഞ്ഞുപോയ മമ്മദും, ഭാണ്ഡക്കെട്ടില്‍ എന്നോ പൊട്ടിയ കുപ്പിവളകളും ആത്മരക്ഷയ്ക്കെന്നവണ്ണം പായയ്ക്കുള്ളില്‍ അരിവാളും ഒളിപ്പിച്ചു വെച്ച ആമിനതാത്തയും, ഓമഞ്ചിയും രാധയും അയ്യപ്പനും ജാനുവും കുരുടന്‍ മുരുഗനും ഒക്കെ കാലങ്ങള്‍ക്കിപ്പുറം തെരുവില്‍ നിന്നും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു.
ഇരുട്ട് വീണ സദസ്സിലിരുന്ന്‍ കാണികള്‍ അവര്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു, ജോലിയ്ക്ക് പോയ രാധയെ ഓര്‍ത്ത് വേവലാതിപ്പെട്ടു, മുരുടയും മകളും പോയ കുരുടന്‍ മുരുഗനൊപ്പം കരഞ്ഞു, കണാരന്‍ കയ്യിലേന്തിയ സ്വന്തം അരിവാള്‍ കണ്ട് നിലവിളിച്ച ആമിനത്താത്തയുടെ നിലവിളികേട്ട് എന്നോ പതിട്ടാണ്ടുകള്‍ക്കപ്പുറം പൊട്ടിയ കുപ്പിവളകളുടെ സ്മരണയില്‍ ഞെട്ടിത്തരിച്ചിരുന്നു...
കാലം മാറിയിട്ടും മാറാത്ത വേദനകളുമായി ജീവിക്കുന്ന മനുഷ്യരെ - നമ്മളെയൊക്കെ - വീണ്ടും ഓര്‍ത്തു.
ജിജ്ഞാസ നിരാശപ്പെടുത്തിയില്ല.
നന്ദി.
ചന്ദ്രകാന്തം സാംസ്ക്കാരിക വേദിയ്ക്കും, സംവിധായകന്‍ ശ്രീ Vijayan V Nair ക്കും, നോവലിന് അരങ്ങിന്‍റെ ഭാഷ്യം നല്‍കിയ ശ്രീ M K Ravi Varmaയ്ക്കും, അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും...
2017 - ല്‍ നിന്നും പതിറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ട് പോയതിന്...
പ്രിയ കഥാപാത്രങ്ങളെ കണ്മുന്നില്‍ കൊണ്ട് നിര്‍ത്തിയതിന്...
മറന്നുപോയതെന്തൊക്കെയോ ഓര്‍മ്മിപ്പിച്ചതിന്...

തെരുവിന്‍റെ കഥാകാരനും തെരുവിന്‍റെ മക്കളും തന്നെയാവാം ആകാശത്തെ നക്ഷത്രങ്ങളിലൂടെ നിങ്ങളെ നോക്കി പുഞ്ചിരി തൂകിയത്...

Thursday 24 November 2016

കുഞ്ഞൂസ്



24/11/2016

ഇന്ന് കുഞ്ഞൂസിന്‍റെ ചരമവാര്‍ഷികമാണ്.

 അവള്‍ മരിച്ച ദിവസം.

എത്ര പത്രത്താളുകളില്‍ വാര്‍ത്ത വരുമെന്നറിയില്ല. ഒരു വര്‍ഷം മുന്‍പ് അവര്‍ കൂട്ടത്തോടെ ആഘോഷിച്ച ഒരു സെന്‍സേഷണല്‍ ന്യൂസിലെ കഥാനായിക. "ലജ്ജിക്കുക കേരളമേ.. ലജ്ജിക്കുക മാനവരേ.." എന്നൊക്കെയുള്ള തലക്കെട്ടിനു കീഴില്‍ അവളുടെ കദനകഥ പ്രസിദ്ധീകരിച്ചു സര്‍ക്കുലേഷന്‍ കൂട്ടി എല്ലാവരും. ബ്രേക്കിംഗ് ന്യൂസുകള്‍ ചീറ്റി കൊണ്ട് ചാനലുകളും രംഗത്ത് വന്നു. മാഗസിനുകളില്‍ പ്രത്യേക "കവര്‍ സ്റ്റോറി"യും പ്രശസ്തരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിവിധ സര്‍വ്വേ റിസള്‍ട്ടുകളും ഒക്കെയായി പൊടിച്ചു എല്ലാവരും. എന്നിട്ടൊടുവില്‍ മാസങ്ങള്‍ക്ക് ശേഷം അവള്‍ ഈ ദിവസം വിട പറഞ്ഞപ്പോള്‍ ഈറനണിയിക്കുന്ന വരികള്‍ ആദ്യ പേജിലും ചാനലുകളിലും നിറഞ്ഞു.

ഓ... ഒരു കാര്യം മറന്നു - ഒരു ചെറിയ തിരുത്ത്.

ഇന്നവള്‍ മരിച്ച ദിവസമല്ല. അവളുടെ ഉള്ളില്‍ യാന്ത്രികമായി മിടിക്കുന്ന ഹൃദയതാളം ഞാന്‍ മനപ്പൂര്‍വ്വം നിര്‍ത്തലാക്കിയ ദിവസമായിരുന്നു അന്ന്.

സത്യമായും ഞാനല്ല അവളെ കൊന്നത്. അത് അയാളായിരുന്നു. അവളുടെ പിഞ്ചു മനസ്സിനെയും ശരീരത്തെയും കൊത്തിക്കീറിയ അയാള്‍.

അര്‍ദ്ധപ്രാണയായി കിടന്നിരുന്ന അവളിലെ അവശേഷിക്കുന്ന എന്തൊക്കെയോ ലാബുകളിലേയ്ക്കയച്ചു കൊടുത്ത് അവള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയും ജീവനെങ്കിലും തിരിച്ചു കിട്ടാനെങ്കിലും പരിശ്രമിച്ച എന്‍റെ മാസങ്ങളുടെ അദ്ധ്വാനം പാഴാക്കി കൊണ്ട് കോടതി വിധി വന്നപ്പോള്‍, അയാളെ നിസ്സാര ശിക്ഷ നല്‍കി വിട്ടയച്ചപ്പോള്‍... എന്നാണ് ഞാന്‍ തീരുമാനിച്ചത് ഈ ലോകത്തില്‍ ഇനി അവള്‍ ജീവനോടെ തിരിച്ചു വരേണ്ട എന്ന്.

ഇനിയും ആക്രമിക്കപ്പെടും എന്ന ഭീതിയില്‍ ജീവിച്ച്, ഒടുവില്‍ തനിക്ക് നേരെ നടക്കുന്ന ഹിംസകള്‍ക്ക് സ്വയം കുറ്റപ്പെടുത്തപ്പെട്ട് ജീവിക്കാന്‍ അവളുടെ ഹൃദയമിനി മിടിക്കേണ്ടതില്ല എന്ന്.

അവള്‍ക്ക് നേരെ വരുന്ന കഴുകന്‍ കണ്ണുകള്‍ക്കും കൂര്‍ത്ത കരങ്ങള്‍ക്കും കാരണം അവളുടെ ശരീരത്തിലെ തുടുപ്പും മുഴുപ്പും അവളുടെ വസ്ത്രങ്ങളും, അസമയത്ത് അവള്‍ പുറത്തിറങ്ങിയത് കൊണ്ടും ഒക്കെ ആണെന്ന് പറഞ്ഞു സമൂഹം അവളെ വെറുമൊരു കാഴ്ച്ചവസ്തുവായി കാണാന്‍ തുടങ്ങുന്നിടത്ത്, തിരിച്ചറിവ് ഉണ്ടാവുന്ന കാലത്തിനും മുന്നേ തനിക്ക് സംഭവിച്ചത് തന്‍റെ മാത്രം കുറ്റം കൊണ്ടാണെന്ന് ആരെങ്കിലും അവളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനും മുന്‍പ് ആ ഹൃദയ മിടിപ്പുകള്‍ നിലച്ചു പോയ്ക്കോട്ടെ.

തന്‍റെചുറ്റിലും തീര്‍ത്ത വന്മതിലുകള്‍ക്കുള്ളില്‍ പോലും താന്‍ സുരക്ഷിതയല്ല എന്ന തിരിച്ചറിവ് ഉണ്ടാകും മുന്‍പ് അവള്‍ രക്ഷപ്പെട്ടോട്ടെ..

ഞാന്‍ ഒരു ഡോക്ടര്‍ മാത്രമല്ല യുവര്‍ ഓണര്‍...

ഒരു മനുഷ്യനും കൂടിയാണ്...

അത് കൊണ്ടാണ് ഞാന്‍....

Monday 21 November 2016

കത്ത്

 
 
ഇന്ന് പറയാനുള്ളത് കത്തുകളെ കുറിച്ചാണ്. 
 
 ഓര്‍മയുണ്ടോ? 
 
ലാന്‍ഡ്‌ഫോണിന്‍റെ ആദ്യകാലത്ത്, മൊബൈല്‍ ഫോണ്‍ ഉപയോഗം സജീവമാകുന്നതിന് മുന്‍പ് ഒരു വിവരമറിയിക്കാന്‍ ഇന്‍ലന്റിലോ പോസ്റ്റ്‌ കാര്‍ഡിലോ, അല്ലെങ്കില്‍ വെള്ള പേപ്പറിലോ എഴുതി സ്ടാമ്പ് ഒട്ടിച്ച് അയച്ചു കഴിഞ്ഞ്, മറുപടിയുമായി പോസ്റ്റ്മാന്‍ വരുന്നതിനു വേണ്ടി കാത്തിരുന്ന ഒരു കാലം? 
 
വൈകിവന്നിരുന്ന വാര്‍ത്തകള്‍ക്ക് പോലും കാത്തിരിപ്പിന്‍റെ സുഖം നല്‍കിയിരുന്ന കത്തുകള്‍.. 
 
അച്ഛന്, അമ്മയ്ക്ക്, സഹോദരങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, പ്രണയിതാവിന്.. അങ്ങനെ എത്രയെത്ര കത്തുകള്‍!!! 
 
കത്തുകളുടെ ഇടയില്‍ വളര്‍ന്നു വന്നത് കൊണ്ടും, പണ്ട് പലരും അയച്ച കത്തുകള്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നത് കൊണ്ടും ഒക്കെ ആവും എന്‍റെ ഓര്‍മകള്‍ക്ക് വല്ലാത്ത തെളിച്ചം. അത് കൊണ്ട് തന്നെയാവാം കൗമാരത്തില്‍ നീണ്ട പ്രണയലേഖനങ്ങള്‍ അയക്കാന്‍ അവസരം കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത്. പക്ഷെ എനിക്കൊരിക്കല്‍ മാത്രമേ പ്രണയലേഖനം എഴുതാന്‍ അവസരം കിട്ടിയുള്ളൂ - പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ മലയാളി കൂട്ടായ്മ്മ നടത്തിയ പ്രണയ ലേഖന മത്സരത്തില്‍. 
 
അന്നത്തേത് അവസാനത്തെ കത്തെഴുത്താവും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ വീണ്ടും എഴുതേണ്ടി വന്നു. മത്സരങ്ങല്‍ക്കല്ല. നീണ്ട വെള്ള പേപ്പറില്‍ രണ്ടു തവണ. ഭ്രാന്തമായ ചിന്തകളും വികാരങ്ങളും ഭാവങ്ങളും സംസാരത്തിലോ മുഖഭാവത്തിലോ കാണിക്കാന്‍ പരാജയപ്പെടുന്നിടത്ത് പറഞ്ഞു ഫലിപ്പിക്കാന്‍, ചിന്തകള്‍ വ്യക്തമായി കൈമാറാന്‍ കഴിയാന്‍ വേണ്ടി ഒരു പ്രിയ സുഹൃത്തിന് അയച്ച രണ്ടു കത്തുകള്‍ - കഴിഞ്ഞ വര്‍ഷം ഏകദേശം ഇതേ സമയം. 
 
 അന്ന് ജീവിതത്തിലെ പല ഏടുകള്‍ക്കും അര്‍ത്ഥമില്ലാതെ വന്നപ്പോള്‍, ജീവിതം നമുക്കായ് കരുതി വെച്ചിരിക്കുന്ന ആ പാത കണ്ട് വിറങ്ങലിച്ചു നിന്ന സമയത്ത്, സംശയങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒക്കെ ഒരു തെളിച്ചം വരാന്‍ അയച്ച രണ്ടു കത്തുകള്‍. എഴുത്ത് എന്ന സ്വപ്നം കണ്ടിരുന്ന ഒരു പൊട്ടിപെണ്ണിന്‍റെ തോന്നലുകള്‍... 
 
ഇന്ന് വീണ്ടും മുന്നോട്ടു പോകാന്‍ കഴിയാതെ, അതിവേഗം പായുന്ന ലോകത്തെ നോക്കി പകച്ചു നില്‍ക്കുമ്പോള്‍, അപ്രതീക്ഷിതമായി അന്ന് കിട്ടിയ മറുപടി കണ്ണുകളില്‍ ഉടക്കി നിന്നു. 
 
അന്ന് ആ മറുപടി ഒരു ബസ്സിലിരുന്ന് വായിച്ചു കൊണ്ടിരുന്നപ്പോള്‍ മഴയും മഴവില്ലും ഒപ്പം സഞ്ചരിച്ചിരുന്നു. 
 
ഇന്നും ആ മറുപടിയില്‍, ആ കൈപ്പടയില്‍ ഞാന്‍ അതേ മഴ നനയുന്നുണ്ട്, ആ മഴവില്ല് കാണുന്നുണ്ട്..
 
എത്രയോ ജന്മത്തിന്റെ പുണ്യമാണ് ചില സൗഹൃദങ്ങള്‍ക്ക് നമ്മെ അര്‍ഹരാക്കുന്നത്. 
 
കാലമേ നന്ദി. 
 
ആയിരം വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരിറ്റ് മൗനം.. 
 
കാലത്തിനു മുന്നില്‍ ജീവന്‍റെ സാഷ്ടാംഗം... 
 

Wednesday 13 July 2016

ശതാഭിഷേകക്കുറിപ്പ്‌ - രാംദാസ് കാര്യാല്‍


 ജൂലൈ 10, 2016

ശതാഭിഷിക്തനാവുക എന്നത് അങ്ങനെ എല്ലാവര്‍ക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല. അതും ആയൂരാരോഗ്യസൗഖ്യത്തോട്‌ കൂടി എന്ന് പറയുമ്പോള്‍ പ്രത്യേകിച്ചും. 

ഇന്നലെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വെച്ച് ദാസന്‍ വല്ല്യച്ഛന്റെ ശതാഭിഷേകം ആഘോഷിക്കുന്ന ചടങ്ങില്‍ പോയിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സ്നേഹത്തിന് മുന്നില്‍ നിന്ന് കേക്ക് മുറിച്ചും സ്നേഹം പങ്കു വെച്ചും ചടങ്ങ് കഴിഞ്ഞു.

സ്റ്റേജില്‍ കയറി ദാസന്‍ വല്ല്യച്ചനെ കുറിച്ച് സംസാരിക്കാന്‍ മകന്‍ ഷാജൂണ്‍ ചേട്ടന്‍ സദസ്സിലുള്ളവരെ ക്ഷണിച്ചപ്പോള്‍ ഒരു നിമിഷം ആലോചിച്ചു - വല്ലതും പോയി പറയണോ? അപ്പോള്‍ തന്നെ തീരുമാനിച്ചു - വേണ്ടെന്ന്‌. 

എന്‍റെ ഈ ചെറിയ പ്രായത്തിനിടയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ കാല്‍ ഭാഗം പോലും അറിയാതെ ഞാന്‍ എന്ത് പറയാനാണ്?

കാര്യാല്‍ രാംദാസ്.

ദാസന്‍ വല്യച്ചന്‍.

കുട്ടിക്കാലത്തേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ വലിയ വീട്ടില്‍ പോകുന്നത് വല്ല്യമ്മയെ കാണാനായിരുന്നു - ദാസന്‍ വല്ല്യച്ഛന്റെ ഒക്കെ അമ്മയെ.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ തലമുറയിലെ എല്ലാവരും പോയപ്പോള്‍ ദാസന്‍ വല്യച്ചന്‍ ആയി തറവാട്ടിലെ കാരണവര്‍ സ്ഥാനത്ത്.

അച്ഛന്‍റെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍, പ്രായത്തെ വെല്ലുന്ന പ്രൌഡി.. എല്ലാം കൊണ്ടും ദാസന്‍ വല്ല്യച്ചനില്‍ നിന്നും എന്നും ബഹുമാനസൂചകമായി ഒരകലം സൂക്ഷിക്കാന്‍ ഞാന്‍ പണ്ടേ ശ്രമിച്ചിരുന്നു. എങ്കിലും എല്ലാ തവണയും നേരില്‍ കാണുമ്പോഴും തന്‍റെ സരസമായ സംസാരവും ജനറേഷന്‍ ഗ്യാപ്പിനെ വക വയ്ക്കാത്ത പെരുമാറ്റവും കാരണം അകലങ്ങള്‍ കുറയ്ക്കാന്‍ എന്നും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ വേണം പറയാന്‍. 

അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പുതുതായി എന്തെങ്കിലും അനുഭവം ഉണ്ടായാല്‍ അത് വളരെ രസകരമായി പറയാന്‍ ദാസന്‍ വല്യച്ചന് ഒരു പ്രത്യേക കഴിവാണ് എന്ന്. പണ്ടെപ്പോഴോ ദാസന്‍ വല്യച്ചന്‍ ശബരിമലയ്ക്ക് പോയ അനുഭവം വിവരിച്ചതിന്റെ ആവേശത്തിലാണ് അച്ഛന്‍ ആദ്യായി മല ചവിട്ടാന്‍ തയ്യാറെടുത്തത് എന്ന് - ആ ആഗ്രഹം സാധിക്കാന്‍ പിന്നീട് പത്തിരുപത് കൊല്ലം കാത്തിരിക്കേണ്ടി വന്നിട്ടും ആ വാക്കുകളില്‍ നിന്നും ഉള്‍ക്കൊണ്ട ആവേശം അന്നും തണുത്തിരുന്നില്ലത്രേ.!!

അത് പോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. സാധാരണയായി മക്കളെ ഡോക്റ്ററും എന്‍ജിനീയറും ഒക്കെ ആക്കാന്‍ തിടുക്കപ്പെടുന്ന സാധാരണക്കാര്‍ക്കിടയില്‍ വ്യത്യസ്തമായ സ്വപ്നം കാണുന്ന മക്കളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന കാലത്ത് പോലും സിനിമ പോലെ ഒരു രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഷാജൂണ്‍ ചേട്ടന്‍ ആഗ്രഹിച്ചപ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ എല്ലാ പ്രോത്സാഹനവും നല്‍കാന്‍ കഴിഞ്ഞു എന്നത് തന്നെയാവാം ഇന്ന് മാക്ടയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വരെ അദ്ദേഹത്തെ എത്തിച്ചത്.

ഒരു നീണ്ട ജീവിതം എന്നും ഉയര്‍ച്ചതാഴ്ച്ചകള്‍ ഉള്ളതായിരിക്കും. അതിലൊക്കെ കരുത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയും എന്ത് കാര്യത്തിലും ഉള്ള നേതൃപാടവവും ഒക്കെ അദ്ദേഹത്തെ എന്നും ഗുരുസ്ഥാനത്ത് നിര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമായിരിക്കും. 

എങ്കിലും നികത്താനാവാത്ത ചില നഷ്ടങ്ങള്‍ എല്ലാ ജീവിതത്തിലും എന്ന പോലെ അദ്ദേഹത്തിന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അനുജന്‍ ഉണ്ണികൃഷ്ണന്‍റെ തണുത്ത ശരീരത്തിനരികെ നില്‍ക്കുമ്പോള്‍ ഒരു നിമിഷം മുന്‍പെങ്ങും കാണാത്ത ഒരു ദൈന്യത ആദ്യമായി ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. വടിയില്‍ പിടിച്ചിരുന്ന കൈ ഒന്ന് വിറച്ചുവെന്നും ശക്തി ക്ഷയിച്ച് അദ്ദേഹം തളര്‍ന്നു വീഴുമെന്നും ഞാന്‍ ആ നില്പ് കണ്ടു ഭയന്നിരുന്നു. എങ്കിലും വികാരങ്ങളുടെ, ഓര്‍മകളുടെ വേലിയേറ്റത്തെ അടക്കി നിര്‍ത്തി അന്നും അദ്ദേഹം ശക്തി ചോരാതെ നിന്നത് ഇന്നും മനസ്സില്‍ നിന്നും മായാത്ത ഒരു കാഴ്ചയാണ്. 

ശതാഭിഷിക്തനായ അദ്ദേഹത്തിന് താന്‍ കണ്ട ആയിരം പൂര്‍ണ്ണചന്ദ്രന്മാരുടെ തേജസ്സും സൂര്യന്‍റെ പ്രൌഡിയും ഇനിയും ജീവിതത്തില്‍ നേരുന്നു. ഒപ്പം, സ്നേഹം വറ്റാതെ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം, ഞങ്ങള്‍ക്കൊക്കെയും എന്നും മാര്‍ഗ്ഗദീപമാകാനും ഇനിയും ഒത്തിരി കാലം കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു...


Thursday 16 June 2016

പദയാത്ര




എനിക്ക് നടക്കണം,
ഇരുവശവും മരങ്ങൾ
തിങ്ങിനിറഞ്ഞ വഴിയിലൂടെ.

ആ മരങ്ങൾക്കുള്ളിൽ
എന്നിലേക്കെത്താനാവാത്ത
വന്യ മൃഗങ്ങളുടെ മുരൾച്ചയ്ക്കായ്
കാതോർത്തു കൊണ്ട്,
അവയെന്നെ കടിച്ചു കീറാനൊരുമ്പെടുമെന്ന്
ഒരിക്കൽ പോലുമോർത്ത് ഭയപ്പെടാതെ,
മുന്നോട്ട് നടക്കണമെനിക്ക്.

അകലേയ്ക്ക് നീളുന്ന വഴിയിലൂടെ
ഒന്നുമോർക്കാതെയോടണം.
അവിടെയെന്നെയും കാത്തൊരു 
കുഞ്ഞുവെളിച്ചമുണ്ടായിരിക്കണം..

കാലിലെ കൊലുസ്സിൽ നിന്നൂർന്നു വീഴുന്ന
മണികൾ പെറുക്കിയെടുക്കാൻ മിനക്കെടാതെ,
അവയ്ക്കൊപ്പമെന്റെ ഭൂതകാലവും
കളഞ്ഞു പോയെങ്കിലെന്നാശിച്ച്
അകലേയ്ക്കോടി മറയണം.

ആരെയും ഓർക്കാതെ,
ആർക്കും പിടികൊടുക്കാതെ..

ഒറ്റയ്ക്ക് കരഞ്ഞു തീർത്ത
എന്റെ ബാല്യത്തെ ഓർക്കാതെ
വെറുതെ,
അന്തമില്ലാതെ, ബോധമില്ലാതെ
അകലേയ്ക്കോടി മറയണം.

ശരീരം പിച്ചിച്ചീന്തിയ
മനുഷ്യ മൃഗങ്ങളവശേഷിപ്പിച്ച
മുറിപ്പാടുകളിൽ
കാടിന്റെ മണമുള്ള കാറ്റെനിക്ക്
മരുന്ന് വെച്ച് തരുമായിരിക്കണം.

അതിലേറെ,
വാക്കുകളാൽ മുറിവേൽപ്പിക്കപ്പെട്ട
മനസ്സിന് മരുന്ന് തേടിയലയണം.

ഗതിതെറ്റാനാവാതെ കടലിലേയ്ക്ക്
പായേണ്ടി വരുന്ന ഏതോ ഒരു പുഴയുടെ
നിലവിളികൾക്ക് കാതോർത്തു കൊണ്ട്,
തന്റെ ചുടുചോര മുഴുവനും
കടലിലേയ്ക്കൊഴുക്കി ആത്മഹത്യ ചെയ്യുന്ന
സൂര്യനെ തടയാനെന്ന വണ്ണം
കാറ്റിന്റെ വേഗത്തിൽ ഓടി മറയണമെനിയ്ക്ക്..

എന്നോ പുരട്ടിയ മൈലാഞ്ചിതൻ ചുവപ്പ്
മായാത്ത നഖങ്ങളെല്ലാം വെട്ടിക്കളഞ്ഞ്
വന്യ മൃഗങ്ങൾക്കെറിഞ്ഞു കൊടുക്കണം.

അത് കഴിച്ച് മുറിയുന്ന അവരുടെ
കുടൽ മാലയിൽ നിന്നും ഒഴുകുന്ന
ചുടുരക്തം കണ്ട്
ഭ്രാന്തമായ് പൊട്ടിച്ചിരിക്കണം...

മരങ്ങൾക്കിടയിലൂടിഴഞ്ഞു വരുന്ന
സർപ്പങ്ങളെ ചവിട്ടാതെ ,
അവയിൽ നിന്നും വിഷമേറ്റ് വാങ്ങാതെ
മുന്നോട്ട് നടക്കണം.

അകലെയെവിടെയോ ഒരു
വെളിച്ചമെന്നെ കാത്തു നിൽപ്പുണ്ടെന്ന
വ്യർത്ഥസ്വപ്നക്കുമിള ഉടഞ്ഞുപോകാതെ
സൂക്ഷിച്ച് ഓടണമെനിക്ക്.

തിരിഞ്ഞു നോക്കാതെ, ആരെയും
പിന്തുടരാനനുവദിക്കാതെ,
തളർന്നാലും കുഴഞ്ഞാലും
നിൽക്കാതെയോടണം..

പതിഞ്ഞ കാലടികളുമായെന്നെ
പിന്തുടർന്നു വരുന്നൊരു
കറുത്ത പോത്തിനെയും
അതിന്റെ മുകളിലിരിക്കുന്ന
കാലനെയും അവന്റെ കയ്യിലെ
നീളമുള്ള കയറിനെയും
ഭയക്കാതെ
മുന്നോട്ടേയ്ക്കോടണമെനിക്ക്..

നിഴലിനെ പോലും തോൽപ്പിച്ച്
സൂര്യന്റെ ചുടുചോര കലർന്ന
കടലിലെ ഉപ്പുരസം കലർന്ന വെള്ളം
മോന്തിക്കുടിച്ചെന്റെ
ദാഹം ശമിപ്പിക്കണം..

വിത്തുപാകാനാവാത്തൊരീ
ഗർഭപാത്രമെടുത്ത്
ദൂരെ കളയണം.

വിഷം നിറഞ്ഞൊരീ വായു
ഇനിയുമെന്നുള്ളിൽ
നിറയ്ക്കാതിരിക്കണം.

ദേഹത്ത് പൊള്ളലേൽപ്പിക്കുന്ന
വിഷമഴയിനിയും
നനയാതിരിക്കണം..

എന്തിനോ വേണ്ടി പിന്‍തുടര്‍ന്ന്‍ എന്‍റെ കാലുകളെ പിടിച്ചു നിര്‍ത്തുന്ന പഴയ സ്വപ്നങ്ങള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം.

Monday 11 January 2016

സ്വപ്നം... ആകാംക്ഷ... ഭയം...

സമയകാലങ്ങളിലൂടെ സഞ്ചരിക്കുന്നവനോട്... 

നീയെന്നെ ഒരിക്കല്‍ കൂടി അവിടേയ്ക്ക് കൊണ്ടു പോകുമോ?
നമ്മുടെ കുട്ടിക്കാലത്തേക്ക്?
അതിര്‍ത്തിയെന്ന കാണാരേഖകള്‍ പ്രത്യക്ഷപ്പെടും മുന്‍പ് നാമൊന്നിച്ചു കളിച്ചു നടന്ന ആ വയല്‍വരമ്പിലേയ്ക്ക്?
പട്ടം പറത്തിക്കളിച്ച ആ പുല്‍മൈതാനങ്ങളിലേക്ക്?
എന്തിനെന്നറിയാതെ മാറിക്കൊണ്ടിരിക്കുന്ന ചുറ്റുവട്ടങ്ങള്‍ക്കിടയിലും വലുതാവുന്ന മനസ്സും ശരീരവും കാര്യമാക്കാതെ നാം കൈ പിടിച്ചു നടന്ന ആ തണല്‍മരങ്ങളുടെ ചുവട്ടിലേയ്ക്ക്?
നീയെന്നെയും ഞാന്‍ നിന്നെയും ആദ്യമായറിഞ്ഞ പുഴക്കരയിലെ ആ തണുത്ത നിലാവിലേയ്ക്ക്? 

സമയവും കാലവും കൃത്യമായിരിക്കണം. അല്ലെങ്കിലൊരുപക്ഷെ പരിചിതമായ നാട്ടുവഴികളില്‍ ചോര മണത്തു തുടങ്ങുമ്പോഴാവും കാലം തെറ്റി നമ്മളെത്തിച്ചേരുക. അപ്പോള്‍ ആകാശത്ത് നിന്നും ചാടി വീഴുന്ന തീ പൊഴിക്കും യന്ത്രങ്ങള്‍ കടിച്ചു കീറി ദൂരെയെറിയുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ വന്നു വീണു പിടഞ്ഞേക്കാം...

Friday 22 May 2015

മഴയുടെ കാമുകി

ഇന്നവന്‍ വീണ്ടും വന്നു - അവളുടെ മഴ. പക്ഷെ അവള്‍ക്ക് തീരെ ഇഷ്ടമില്ലാത്ത അവന്‍റെ ആ രണ്ട് കൂട്ടുകാരെയും കൂട്ടിയാണവന്‍ വന്നത് - ഇടിയും മിന്നലും. അവള്‍ക്കവരെ വല്ലാത്ത ഭയമാണ്. അവര്‍ കൂടെയുള്ളപ്പോള്‍ അവനരികില്‍ പോലും അവള്‍ പോകാറില്ല. ചിലപ്പോള്‍ അവന്‍ പോയാലും അവരിവിടെ തന്നെ കറങ്ങി നടക്കുന്നത് കാണാം. ചിലപ്പോള്‍ അവന്‍റെ കൂട്ടില്ലാതെയും അവര്‍ വരും. പിന്നെ ചിലപ്പോള്‍ ഒന്ന്‍ വന്നു നോക്കി പോകും - അവനെയും അവന്‍റെ അവളെയും അവരുടേതായ കുഞ്ഞുലോകത്തിന്‍റെ സ്വകാര്യതയില്‍ ലയിക്കാനനുവദിച്ചു കൊണ്ട്... എന്നിട്ട് ദൂരേയ്ക്ക് മാറി നിന്ന് അവരെ കേള്‍പ്പിക്കാനായി അല്പം കമന്‍റുകളിവിടേയ്ക്കെറിയും അവര്‍. അപ്പോള്‍ മാത്രമാണ് അവരോടവള്‍ക്ക് സ്നേഹം തോന്നുക. കാരണം അവരുടെ ആ കമന്‍റുകളില്‍ ചിലത് അവളുടെ മുഖം നാണത്താല്‍ ചുവപ്പിക്കുകയും അവന്‍ ആ ചുവപ്പിനെ നോട്ടം കൊണ്ടോമനിച്ചും കൈകള്‍ കൊണ്ട് തലോടിയും ചുണ്ടുകള്‍ കൊണ്ട് ചുംബിച്ചും താലോലിക്കാറുണ്ട്. അങ്ങനെ അവരൊരുപാട് നേരം അങ്ങനെ സ്ഥലകാലബോധമില്ലാതെ ഒന്നിച്ചിരിക്കാറുണ്ട്...

Thursday 2 April 2015

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

കുറച്ച് നാളുകൾക്ക് മുൻപാണ് ഞാൻ അതിരാണിപ്പാടത്തെത്തിയത്. വർഷങ്ങളായി കാണണമെന്നും അറിയണമെന്നും ആഗ്രഹിച്ച സ്ഥലം. കേട്ടുകേൾവി മാത്രമുള്ള അവിടെ അപരിചിതരായ ആളുകൾക്കിടയിൽ, അപരിചിതമായൊരു കാലത്താണ് എത്തിച്ചേർന്നതെങ്കിലും വലിയ വിഷമമൊന്നും തോന്നിയില്ല. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേയ്ക്കും, നഗരങ്ങളിൽ നിന്നും മഹാനഗരങ്ങളിലേയ്ക്കും തലസ്ഥാന നഗരികളിലേയ്ക്കും നീളുന്ന എന്റെ ജീവിതയാത്ര എന്നെയിതിന് പാകപ്പെടുത്തിയത് പോലെ..

ഇവിടെ ഞാൻ കന്നിപ്പറമ്പിലാണ് താമസം. കന്നിപ്പറമ്പിൽ കൃഷ്ണൻ മാസ്റ്ററും ഭാര്യയും രണ്ടു മക്കളുമാണ് താമസം. കൃഷ്ണൻ മാസ്റ്ററുടെ ഇളയ മകൻ ശ്രീധരന്റെ കൂടെ വെറുതേ അലഞ്ഞു തിരിഞ്ഞു നടക്കുകയാണിവിടെ എന്റെ പ്രധാന പരിപാടി.

ഞാനറിഞ്ഞ കാലം മുതൽക്കേ പൊതുവേ ശാന്തമായിരുന്ന അതിരാണിപ്പാടമിപ്പോൾ ഭീതിയിലാണ്. ലഹള പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രെ. ഉറക്കമിളച്ചു കുന്തവുമേറി കാവലിരിക്കുന്ന ആണുങ്ങളും, ഇരുട്ടാവും മുൻപേ പേടിച്ചു കതകടച്ചിരിക്കുന്ന പെണ്ണുങ്ങളുമാണിപ്പോൾ അതിരാണിപ്പാടത്ത്. അതിനിടയ്ക്കാണ് ലഹളയൊതുക്കാൻ വെള്ളപ്പട്ടാളമെത്തിയിരിക്കുന്നെന്നറിഞ്ഞത്. തുടർച്ചയായി റെയിലിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുന്ന വെള്ളപ്പട്ടാളം അല്പമൊന്നുമല്ല ആശ്വാസം നൽകിയത്! ഈയിടയ്ക്കാണ് പട്ടാളക്യാമ്പിലെ കുസ്നിക്കാരൻ കുഞ്ഞാണ്ടി അതിരാണിപ്പാടത്തെത്തിയത്. ലഹളയെ പറ്റിയുള്ള വർത്തമാനങ്ങൾ ചൂടോടെ കേൾക്കാമെന്ന് കരുതി കൃഷ്ണൻ മാസ്റ്റർ കുഞ്ഞാണ്ടിയെ  വിളിച്ചുവരുത്തി. കുഞ്ഞാണ്ടി പറയുന്ന വിവരങ്ങൾ കേൾക്കാൻ വാതിലിനു പിന്നിൽ മറഞ്ഞിരുന്ന ശ്രീധരന്റെയടുത്തായി ഞാനും കാതോർത്തു നിന്നു. കുഞ്ഞാണ്ടി ഒരു സംഭവം വിവരിക്കുകയാണ്...

കഴിഞ്ഞ വെളുത്തവാവിന്റെയന്നു രാത്രിയിലാണ്. കുഞ്ഞാണ്ടി ജോലിയും കഴിഞ്ഞ് ഒരു സ്നേഹിതന്റെ പുരയിലേക്ക് പോവുകയായിരുന്നു. തുമ്പപ്പൂ പോലത്തെ നിലാവ്-- ക്യാമ്പിൽ നിന്ന് ഒരു വിളിപ്പാടു ദൂരെയുള്ള മൈതാനത്തിനടുത്തെത്തിയപ്പോൾ, മൈതാനത്തിനു ചുറ്റും സ്പെഷ്യൽ പോലീസുകാർ ഗാട്ട് നിൽക്കുന്നു. അങ്ങോട്ട് പോകരുത് എന്നു പറഞ്ഞ് അവർ കുഞ്ഞാണ്ടിയെ തടഞ്ഞു.

"എന്താണവിടെ?" പരിചയമുള്ളൊരു പോലീസുകാരനോട് കുഞ്ഞാണ്ടി മെല്ലെ ചോദിച്ചു.

വേഗം മടങ്ങിപ്പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചതല്ലാതെ ആ ചങ്ങാതി കാര്യമൊന്നും പറഞ്ഞില്ല. ഏതോ ഗൂഢമായ മിലിട്രി പരിശീലനമായിരിക്കുമെന്ന് മനസ്സിൽ കരുതി കുഞ്ഞാണ്ടി തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ കണ്ടു, ഒരു കൂട്ടം ആളുകളെ അങ്ങോട്ട് തെളിച്ചുകൊണ്ടു വരുന്നത്. പെണ്ണുങ്ങളാണ്. എല്ലാം ഉമ്മച്ചിപ്പെണ്ണുങ്ങൾ. വെളുത്ത കുപ്പായമിട്ടു തലയിൽ തട്ടവുമായി പൊൻപണ്ടങ്ങൾ മിന്നിച്ചു കൊണ്ട് കൂട്ടത്തോടെ നീങ്ങുന്ന ആ മാപ്പിളച്ചികൾ നിലാവിൽ നല്ലൊരു കാഴ്ച്ചയായിരുന്നു. പോലീസുകാർ ചുറ്റും നിന്ന് അവരെ തള്ളിനീക്കുന്നു. ഒരു പത്തുമുപ്പതു പെണ്ണുങ്ങളുണ്ടാവും അക്കൂട്ടത്തിൽ. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളും ഉണ്ടായിരുന്നു. (അവരെല്ലാം ലഹളക്കാരായ മാപ്പിളമാരുടെ പുരകളിലെ പെണ്ണുങ്ങളാണെന്നു പിന്നീടാണു കുഞ്ഞാണ്ടിക്ക് മനസ്സിലായത്.) ചിലർ ഉറക്കെ നിലവിളിക്കുന്നു. ചിലർ തേങ്ങിക്കരയുന്നു. അറക്കാൻ തെളിച്ചു കൊണ്ടുപോകുന്ന ആട്ടിങ്കൂട്ടത്തെ ഓർത്തു പോയി, കുഞ്ഞാണ്ടി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരാർപ്പും വിളിയും കേട്ടു. ക്യാമ്പിൽ നിന്നും വെള്ളപ്പട്ടാളക്കാരുടെ വരവാണ്--എല്ലാവരും കുടിച്ചു കുന്തം മറിഞ്ഞ മട്ടിലാണ്. ഉറക്കെ പാട്ടു പാടുന്നു. ചിലർ വായിൽ വിരലിട്ടു ചൂളം വിളിക്കുന്നു. പഹയർ ഒരു പത്തുനൂറെണ്ണമുണ്ട്.

കുഞ്ഞാണ്ടി ഒരു മരത്തിന്റെ മറവിലേയ്ക്ക് മാറി നിന്നു.

മൈതാനത്തിന്റെ നടുവിൽ തളച്ചിട്ട മാപ്പിളിച്ചികളുടെ നേർക്ക് വെള്ളപ്പട ഒരു കുതി കുതിക്കുന്നതു കണ്ടു..... തുടർന്ന് ഒരു കൂട്ടനിലവിളി.... കുഞ്ഞാണ്ടി പിന്നെ അവിടെ നിന്നില്ല.

പിറ്റേന്നു രാവിലെ മൈതാനത്തു ചെന്നു നോക്കിയപ്പോൾ കുരുതികഴിച്ച ഭഗവതിത്തറപോലെ ഉണ്ടായിരുന്നു ആ സ്ഥലം: പുല്ലിലും മണ്ണിലുമെല്ലാം ചോര തെറിച്ച പാടുകൾ!

കുഞ്ഞാണ്ടിയുടെ കഥ കേട്ട് ഞെട്ടിത്തരിച്ചു ചുമരും ചാരി നിന്ന ഞാൻ ദൂരെയെവിടെയോ നിന്നെന്ന പോലെ ഗദ്ഗദ സ്വരത്തിൽ ശ്രീധരന്റെ ചോദ്യം കേട്ടു,

"എന്തിനാണ് ഉമ്മച്ചികളെ മൈതാനത്തേയ്ക്ക് കൊണ്ടുപോയത്?"

ഒരല്പ നേരത്തെ മൗനം. പിന്നെ, ആശ്വസിപ്പിക്കാനെന്ന പോലെ കൃഷ്ണൻ മാസ്റ്ററുടെ ശബ്ദം, വീണ്ടും, ദൂരെയെവിടെയോ നിന്നുമെന്ന പോലെ ഞാൻ മുഴങ്ങി കേട്ടു,

"ആ മാപ്പിള സ്ത്രീകളുടെ ഭർത്താക്കന്മാരൊക്കെ ലഹളക്കാരാണ്. അവർ കാട്ടിൽ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഭാര്യമാരെക്കൊണ്ട് പറയിപ്പിക്കാനാണ് അവരെ മൈതാനത്തേക്കു കൂട്ടിക്കൊണ്ടു പോയത്-നീയിതൊന്നും കേട്ട് ഇവിടെ ഇരിക്കണ്ട; പോയി പാഠം പഠിച്ചോ--"

അച്ഛന്റെ വാക്കുകേട്ട് അസ്വസ്ഥനായി അകത്തേക്ക് പോയ ശ്രീധരനേയും നോക്കി ഞാൻ ചുമരരികിൽ തളർന്നിരുന്നു. അന്ന് രാത്രിയിൽ എനിക്കുറക്കം വന്നില്ല. ഉറങ്ങിക്കിടക്കുമ്പോഴും ശ്രീധരൻ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് കാര്യമറിയാൻ ഞാനവന്റെ സ്വപ്നത്തിലേയ്ക്ക് കയറിച്ചെന്നു -- അവിടെ അത്ഭുതകരമായൊരു കാഴ്ച്ച കണ്ടു.

കാട്ടിലെ ഒരു പച്ചപ്പുല്മൈതാനത്ത്, പാലുപോലത്തെ നിലാവിൽ, ഒരു കൂട്ടം വെളുത്ത ആടുകൾ മേഞ്ഞു കളിക്കുന്നു. ദൂരെനിന്ന് ഒരു ഓലിവിളി-- ചെന്നായ്ക്കളുടെ വരവാണ്! ചെന്നായ്ക്കൾ പല്ലിളിച്ച്, വാലിളക്കി, ചൂളം വിളിക്കും പോലെ മുരണ്ടുകൊണ്ട് ആട്ടിൻകൂട്ടത്തിന്റെ നേർക്ക് കുതിച്ചു ചാടുന്നു. ആടുകളുടെ കരച്ചിലും, ചെന്നായ്ക്കളുടെ മുരൾച്ചയും ചൂളംവിളികളും കൂടിച്ചേർന്ന ഒരു ഭയങ്കര സംഗീതം. ചെന്നായ്ക്കൾ ആടുകളുടെ പള്ളയും കൊറുവും കടിച്ചുകീറുന്നു-പിന്നെ ഇരുട്ട്--നിശ്ശബ്ദത!.....

സൂര്യനുദിക്കുന്നു. മൈതാനത്തു മുഴുവനും ചുവന്ന റോസാപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ശ്രീധരൻ പൂ പറിക്കാൻ കൈ നീട്ടുന്നു. തൊട്ടപ്പോൾ റോസാപ്പൂ അല്ല ചോരക്കട്ടയാണ്! ചോരക്കട്ട! അതു കൈവിരലിൽ ചായം പോലെ ഒട്ടുന്നു. അരികെ വെള്ളാരങ്കല്ലിന്റെ വലിയൊരു പാറ വെയിലിൽ വെട്ടിത്തിളങ്ങുന്നു!...ശ്രീധരൻ വിരലിലെ ചോരച്ചായംകൊണ്ട് വെള്ളാരങ്കല്ലിന്മേൽ വരച്ചു-- 'ജഗള'.

അത് കണ്ടു ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു...


Note:
  1. അതിരാണിപ്പാടം - എസ്. കെ. പൊറ്റക്കാടിന്റെ 'ദേശത്തിന്റെ കഥ' എന്ന നോവലിന്റെ പശ്ചാത്തലം ഈ ഇടമാണ്..
  2. ഇറ്റാലിക്സിൽ ഉള്ള ഭാഗം 'ദേശത്തിന്റെ കഥ' എന്ന നോവലിൽ നിന്നും എസ്.കെ യുടെ വരികൾ...

Thursday 1 January 2015

ഡയറി


ഇന്ന് ഞാനൊരു ഡയറി വാങ്ങി.
2015 – ലേക്ക്.
അതിങ്ങനെ പറഞ്ഞു നടക്കാന്‍ മാത്രമുണ്ടോ എന്ന് നിങ്ങള്‍ക്കൊക്കെ തോന്നുന്നുണ്ടാവും. പറയട്ടെ, അതൊരു വല്ല്യ കാര്യം തന്ന്യാ..
ഒരീസം മുഴുവനും അലഞ്ഞതിനു ശേഷമാ ആ ഡയറി കിട്ട്യത്.
എത്രയെത്ര കടകളില്‍ കയറിയിറങ്ങി..
എത്ര ദൂരം നടന്നു...
ഒക്കെ ഒരു ഡയറിക്ക് വേണ്ടി..
സാധാരണ പെണ്ണുങ്ങളെ പോലെ വസ്ത്രം വാങ്ങാന്‍ പോകുമ്പോള്‍ ഇത്ര സമയമെടുക്കാറില്ല. പക്ഷെ അങ്ങനെയാണോ ഡയറി?
ഒരു ദിവസത്തെ മുഴുവന്‍ വിശേഷങ്ങളും, പരദൂഷണവും, രാഷ്ട്രീയവും, വിളിക്കാന്‍ പറ്റാത്ത തെറികളും ഒക്കെ അവിടല്ലേ ഇറക്കി വെക്കുക..!!!
ഒരു നേരിയ പരിചയം.. സൗഹൃദം.. ഒന്നിച്ചൊരു യാത്ര... ഒരു വര്‍ഷം നീളുന്ന ഒരു ബന്ധം..
എക്കാലവും കാത്തു സൂക്ഷിക്കാന്‍ തോന്നുന്ന ഒരു ജീവിതകാലത്തെ കൂട്ടുകാരന്‍...
മനസ്സിനിണങ്ങിയത് തന്നെ വേണം...
ഡയറിയെഴുത്ത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ഡയറി ഇല്ലാതിരുന്നത് കൊണ്ട് പഴയ നോട്ടുപുസ്തകത്തിനുള്ളില്‍ തിയ്യതിയിട്ട് ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങിയത്. ആരും കാണാതെ അത് സൂക്ഷിച്ചു വെച്ചു.. പിടിക്കപ്പെട്ടാല്‍ 'പെങ്കുട്ട്യോള് അത് ചെയ്യരുത്, ഇത് ചെയ്യരുത്' എന്നൊക്കെ പറയുന്നവര്‍ അതെല്ലാം വലിച്ചു കീറി കളയുമോ എന്ന് ഭയപ്പെട്ട് എപ്പോഴും അത് കൂടെ കൊണ്ടു നടന്നു.. വീട്ടില്‍, സ്കൂളില്‍, വെക്കേഷന് പോയിരുന്ന ഇടങ്ങളില്‍.. ഒക്കെ... ആരും ശ്രദ്ധിക്കാത്ത സമയത്ത് മാത്രം അത് തുറന്നു നോക്കുകയും പെന്‍സില്‍ കൊണ്ട് എഴുതുകയും ചെയ്തു...
എങ്കിലും, ഒരു നാള്‍ പിടിക്കപ്പെട്ടു..
എന്‍റെ നോട്ടുപുസ്തകം അവരെല്ലാവരും കൂടി തുറന്നു വായിച്ചു..
തെരുവോരങ്ങളില്‍ എന്‍റെ വാക്കുകള്‍ എനിക്ക് ചുറ്റും പറത്തി അവരെന്നെ നഗ്നയാക്കി.
പരിഹാസച്ചിരികള്‍ എനിക്ക് ചുറ്റും അലയടിച്ചു..
വീടിന്‍റെ ഇരുണ്ട മൂലയ്ക്ക് ഒറ്റയ്ക്കിരുന്നു ഞാന്‍ മൌനമായ് കണ്ണീര്‍ വാര്ത്തു .
പിന്നീട് ആ നോട്ടുപുസ്തകത്തില്‍ ഒന്നും എഴുതപ്പെട്ടില്ല. വാക്കുകള്‍ മനസ്സിനുള്ളില്‍ നിന്നും പുറത്തേയ്ക്കൊഴുകിയില്ല. മൗനം കൂട്ടിനു വന്നു.
വീണ്ടും ഒരു ന്യൂ ഇയര്‍..
ഇനിയൊന്നുമെവിടെയുമെഴുതില്ലെന്ന് ആ കുഞ്ഞു മനസ്സില്‍ ശപഥം ചെയ്തു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ ന്യൂ ഇയറില്‍ അച്ഛന്‍ ഒരു സമ്മാനം തന്നു.
ഒരു ഡയറി.
മേടിച്ചു തന്ന സ്ഥിതിക്ക് വാങ്ങി വെച്ചു. എങ്കിലും എഴുതിയില്ല ഒന്നും.
മേശയുടെ ഒരു കോണില്‍ അത് കിടന്നു - എന്റെ കയ്യെത്തും ദൂരത്ത്. പുതുവര്‍ഷത്തിലെ ദിവസങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി. പഴയ നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ട കുറച്ചു വരികള്‍ അച്ചടി മഷി പുരണ്ട് “അണ്ണാറക്കണ്ണന്‍” എന്ന കവിതയായി വന്ന ഒരു മാസികയുമായി അച്ഛന്‍ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു. സന്തോഷം പങ്കു വയ്ക്കാന്‍ ആരുമില്ലാതിരുന്ന ആ നേരം മേശയുടെ ഒഴിഞ്ഞ കോണില്‍ എന്നെ കാത്തിരിക്കുന്ന ആ ഡയറി ഞാന്‍ കയ്യിലെടുത്തു. ആദ്യമായി അതില്‍ കുറിച്ചിട്ടു.. സന്തോഷം തുളുമ്പുന്ന വരികള്‍..
പിന്നീടിങ്ങോട്ട്‌ ഓരോ വര്‍ഷവും പുതിയ ഡയറി. പുതിയ ഓര്‍മകള്‍, സംസാരം, ചര്‍ച്ച, യാത്ര.. കുറിപ്പുകള്‍.. അങ്ങനെയങ്ങനെ..
പിന്നീടെപ്പോഴോ എഴുത്ത് കുറഞ്ഞു.. ചര്‍ച്ചകളും ഓര്‍മകളും കുറിച്ചിടാന്‍ മടിച്ചു.. ഡയറിയോട് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് പേരിനു മാത്രമായി.. വാക്കുകളില്‍ പിശുക്ക് കാണിച്ചു. അങ്ങനെയിരിക്കെയാണ് മൂന്നു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിനോട് അവിചാരിതമായി ഡയറിയെഴുത്തിനെ കുറിച്ച് പറയാനിടയായതും ആ ചങ്ങാതിയുടെ പ്രേരണയാല്‍ വീണ്ടും ഡയറിയുമായി കൂട്ടുകൂടാനും തുടങ്ങിയത്...
പിന്നീടിങ്ങോട്ട്‌ ഒരു ദിവസം പോലും മുടക്കിയിട്ടില്ല.
ഒരോ വര്‍ഷവും പുതുക്കുന്ന ബന്ധങ്ങളും യാത്രകളും ദിവസങ്ങളും ഓര്‍മകളും സൂക്ഷിക്കുന്ന എന്‍റെ ഡയറി..
ഒന്നിച്ചാണ് ഈ യാത്ര. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും തെറ്റുകളും കുറ്റങ്ങളും സഹിച്ചും അങ്ങനെ...
ആദ്യത്തെ ഒരു നേര്‍ത്ത പരിചയത്തിനും സൌഹൃദത്തിനും അപ്പുറം, ഒരു യാത്ര തന്നെ ഒന്നിച്ചു പോകുകയും, അവസാനം മറ്റൊന്നിനെ കൂട്ടുപിടിക്കേണ്ടി വരുമെന്ന അനിവാര്യതയ്ക്കിടയിലും സ്നേഹിച്ചു സ്നേഹിച്ച് മനസ്സ് പങ്കു വെച്ച്, ഇണക്കിളികളെ പോലെ, അങ്ങനെയങ്ങനെ..
ഞാനും എന്‍റെ ഡയറിയും...

Sunday 2 November 2014

Going home


My article Going home came published in The Hindu Young World on Friday, July 8, 2005 when I was a Class X student at Sindhi Model Senior Secondary School, Kellys, Chennai.


I’ve always longed for my summer vacation... so that I could escape from the moribund city life... from the heaps of school books and homework... from the polluted air around me... and most of all the mechanical life of the city.
All through my summer vacation, I’ll be at my mother’s home at Vattoli, a small village in Kozhikode district, Kerala.
Vattoli is a village with hills on one side and paddy fields on the other. The hills have a number of caves at the top, which are said to have been occupied by tigers during my grandpa’s childhood days. It is a very tranquil place.
In Chennai, the sun rises in the sea. In Vattoli, the sun rises through the hills. Early in the morning if we go out, we can hear the chirping of the birds and also the morning prayer of the cuckoos. The village is lush green with bushes, pepper vines, bamboo, arecanut and coconut trees and many others. Many flowers bloom due to the summer rains. Natural mushrooms also arise from these rains. There is a spring nearby and also a canal to irrigate the paddy fields.
There is a Shiva Temple nearby where festivals are held at this particular time of the year. Festivals, especially that of temples, are something very unique here.
Girls walk in a procession carrying a plate containing a small lamp and certain fruits, which are used for worship. This plate is known as thalam.
Behind them is a procession of people with different types of dresses. At last comes the elephants, caparisoned, and also people sitting on them with a deity. After the pooja, there will be cultural programmes, folk dances and songs, kolkali and other such items.
          One of my uncles is a physical education teacher and a good volleyball player who has won many prizes in district and state level games. He takes the lead in organising the local cultural and sports activities.
          He insists that we participate in the various activities. And we all take it up with lots of joy except me... since I was always poor in sports.
          Our house is a big ancestral home in the middle of a large area covered by various plants, trees and bushes.
          Each season sees the garden rich with different kinds of fruits like jackfruit, mango, banana, cashewnut fruit, mulberry, pineapple and many more. There are many flowers and other small vegetables in my grandma’s little garden.
          We have a cowshed with two cows. My grandma gives me a daily dose of milk before I go to bed. The calves have bells around their neck.
          My grandmother also keeps roosters, hens and chicks. We sometimes find wild birds too. Sometimes jackals come to catch the birds, which are in the garden before my grandma puts them in at night.
          As for us children, we have a lot of things to do. Being the eldest, I’m the most responsible, but also lead in almost all our naughty deeds. We play a lot of games.
          Climbing trees is one of my favourite hobbies during vacations. We would steal the ripe or raw mangoes that my grandma tried to hide from us.
          Sitting in front of the television is rarely an option since we have other things to do. And we’ll always be busy (in our naughty deeds). Another hobby is to make different shapes with clay.
          My grandma is an expert in traditional cooking and my aunts in modern cooking. During vacations, we have a get-together in my grandma’s house. There will be a lot of mouth-watering delicious dishes. As children, we love food... and we eat as much as we can as if we were participating in some food eating competition.
          I enjoy village food especially that of my grandma. An escape from all junk food too...